Kerala
കൊച്ചി: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ ചൊല്ലി അങ്കമാലിയിൽ യുവാക്കളും ലഹരി മാഫിയാ സംഘവും തമ്മിൽ സംഘർഷം.രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിയരംകുന്ന് പ്രസിഡന്റ് നിഥിൻ, സെക്രട്ടറി രാഹുൽ രാജ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇവർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പിന്നാലെ കൈയിൽ കരുതിയ വാളുപയോഗിച്ച് ഇവർ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയറ്ററിൽ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
കേരളത്തെ ഇകഴ്ത്തികാണിക്കുന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തിയറ്ററിൽ രാവിലെ 10.10ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതു ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.
സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Kerala
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
കൊല്ലം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സിപിഐ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പുനലൂർ എംഎൽഎ പി.എസ്.സുപാലിനെതിരെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സുപാലിനെതിരെ ഡയിംഗ് ഹാർനെസ് എംഎൽഎ എന്ന ബാനറുമായാണ് പ്രതിഷേധം നടന്നത്. പുനലൂർ എസ്എൻ കോളജ് യൂണിയൻ തെരഞ്ഞെടിപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തിലും സുപാലിനെതിരെ ബാനർ ഉയർന്നിരുന്നു.
സുപാൽ അടവ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർമാരുടെ പ്രസ്ഥാനമാണ് എസ്എഫ്ഐ എന്നായിരുന്നു ബാനർ. ഇതിന് പിന്നാലെ എസ്എഫ്ഐയ്ക്കും ഡിവൈഎഫ്ഐയ്ക്കും എതിരെ അധിക്ഷേപ മുദ്രവാക്യവുമായി എഐഎസ്എഫും എഐവൈഎഫും പ്രതിഷേധം നടത്തിയിരുന്നു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Kerala
തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
മുതിര്‍ന്ന സിപിഎം നേതാവ് എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നും ശരത് പ്രസാദ് പറയുന്നു. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന് പറയുന്നു.
"ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ.സി. മൊയ്തീന് ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി. മൊയ്തീന്'- എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അഞ്ചുവര്‍ഷം മുന്പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പ്രതികരിച്ചു. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു.
ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനു പോലും രക്ഷയില്ലെന്നും പോലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ല. ബോധവത്കരണം നടത്താൻ പോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ജയിലിലേതിനെക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് പറഞ്ഞ നടൻ കുഞ്ചാക്കോ ബോബനെതിരേ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് സരിൻ ശശി.
"മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാംഗോവറിൽ നിന്ന് പുറത്തേക്ക് വാ, എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.' എന്നാണ് സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചത്.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.
വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തു വന്നിരുന്നു.